ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളെ പരിശീലിപ്പിക്കാന്‍ പോണോ ഗ്രഫിക് ഉള്ളടക്കങ്ങള്‍ ഉപയോഗിച്ചുവെന്ന ആരോപണം തള്ളി മെറ്റ. എഐയെ പരിശീലിപ്പിക്കാന്‍ അശ്ലീല സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതിന് തെളിവുകളൊന്നുമില്ലെന്നും അതിന് സാധ്യതയില്ലെന്നും മെറ്റ പറഞ്ഞു. ആ അശ്ലീല ഉള്ളടക്കങ്ങള്‍ ഡൗണ്‍ലോഡ് ചിലപ്പോള്‍ ജീവനക്കാര്‍ അവരുടെ വ്യക്തിഗത ആവശ്യത്തിനായി ഡൗണ്‍ലോഡ് ചെയ്തതാവാമെന്നും കമ്പനി പറയുന്നു.
തങ്ങള്‍ക്കെതിരെ പോണ്‍ മൂവി നിര്‍മാണ കമ്പനിയായ സ്‌ട്രൈക്കര്‍ 3 ഹോള്‍ഡിങ്‌സ് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് മെറ്റ കോടതിയോട് ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് പകര്‍പ്പാവകാശമുള്ള 2000 ല്‍ ഏറെ പോണ്‍ വീഡിയോകള്‍ എഐ മോഡലിനെ പരിശീലിപ്പിക്കാന്‍ മെറ്റ ഉപയോഗിച്ചുവെന്നാണ് പരാതി.
എന്നാല്‍ ഈ ആരോപണങ്ങള്‍ മെറ്റ കോടതിയിൽ നിഷേധിച്ചു. എഐ പരിശീലനത്തിനായി സ്ട്രൈക്ക് 3 യുടെ ഉടസ്ഥതയിലുള്ള 2400 അഡള്‍ട്ട് സിനിമകള്‍ നിയമിവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്യാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതിന് യാതൊരു തെളിവുമില്ലെന്ന് മെറ്റ പറയുന്നു.
മെറ്റ മൂവി ജെന്‍, ലാമ ഉള്‍പ്പടെ മെറ്റയുടെ വീഡിയോ അധിഷ്ടിത എഐ ഉത്പന്നങ്ങളെ പരിശീലിപ്പിക്കുന്നതിന് അനുവാദമില്ലാതെ ഡൗണ്‍ലോഡ് ചെയ്ത സിനിമകള്‍ ഉപയോഗിച്ചുവെന്നാണ് പരാതിയുടെ കാതല്‍.

