ഗോവ – അര്‍പോറ നിശാക്ലബിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ നാല് ഡൽഹി വിനോദസഞ്ചാരികളും ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള 21 ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് സ്ഥിരീകരിച്ചു.
ക്ലബ്ബിനുള്ളിൽ ഉപയോഗിച്ചിരുന്ന ഇലക്ട്രിക്കൽ കരിമരുന്ന് പ്രയോഗങ്ങളാണ് അപകടത്തിന് കാരണമെന്ന് ഫോറൻസിക് സംഘം കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനമായിരുന്നില്ലെന്നും ക്ലബിലെ വിശാലമായ തടികൊണ്ടുള്ള ഉൾഭാഗങ്ങളില്‍ തീ വേഗത്തിൽ പടരുകയായിരുന്നുവെന്നും സാവന്ത് പറഞ്ഞു. നൈറ്റ്ക്ലബിന്റെ സുരക്ഷാ ലംഘനങ്ങളെ നിശിതമായി വിമർശിച്ച മുഖ്യമന്ത്രി പരിസരത്ത് രണ്ട് എക്സിറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതാണ് പലരും കുടുങ്ങിപ്പോയതെന്നും പറഞ്ഞു. മരണപ്പെട്ട 25 പേരില്‍ 23 പേരും രക്ഷപ്പെടാൻ ശ്രമിച്ച താഴത്തെ അടുക്കള പ്രദേശത്ത് ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന് ഫോറൻസിക് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. അതേസമയം കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് മൂന്ന് ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തു. മുൻ ഗോവ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (ജിഎസ്പിസിബി) മെമ്പർ സെക്രട്ടറി ഡോ. ഷാമില മൊണ്ടീറോ, അന്നത്തെ പഞ്ചായത്ത് ഡയറക്ടർ സിദ്ധി ഹലാങ്കർ, അന്നത്തെ അർപോറ-നാഗോവ പഞ്ചായത്ത് സെക്രട്ടറി രഘുവീർ ബാഗർ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ അച്ചടക്ക നടപടികൾ ഉടൻ ഉണ്ടാകുമെന്ന് സാവന്ത് പറഞ്ഞു.
ക്ലബിന്റെ ചീഫ് ജനറൽ മാനേജർ രാജീവ് മോഡക്, ജനറൽ മാനേജർ വിവേക് സിംഗ്, രാജീവ് സിങ് ഗാനിയ, ഗേറ്റ് മാനേജർ ദിയാൻസു താക്കൂർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഗോവയിലുടനീളമുള്ള എല്ലാ ക്ലബ്ബുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, വിനോദ വേദികൾ എന്നിവയുടെ സുരക്ഷാ ഓഡിറ്റുകൾ നടത്താൻ റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിൽ, പോലീസ്, പിഡബ്ല്യുഡി (ബിൽഡിംഗ് സേഫ്റ്റി), ധനകാര്യം എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങുന്ന ഒരു ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സാവന്ത് പ്രഖ്യാപിച്ചു.
അഗ്നിശമന, ഘടനാ സുരക്ഷയ്ക്കായി നിർബന്ധിത എസ്‌ഒപി പാനൽ രൂപീകരിക്കും. നോർത്ത് ഗോവ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ – സൗത്ത് ഗോവ എസ്‌പി , ഡെപ്യൂട്ടി കളക്ടർ, ഫയർ ആൻഡ് എമർജൻസി സർവീസസ് ഡയറക്ടർ, ഫോറൻസിക്‌സ് ഡയറക്ടർ എന്നിവർ അംഗങ്ങളായ – മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്, ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ പ്രവർത്തനം സാധ്യമാക്കിയ എല്ലാ ഉടമകൾക്കും, പ്രൊമോട്ടർമാർക്കും, സർക്കാർ ഉദ്യോഗസ്ഥർക്കും കർശന നടപടി നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞു. ഗോവയുടെ ടൂറിസം ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിതെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്കും നേപ്പാളിലേക്കും എത്തിക്കുന്നതിന് സംസ്ഥാനം സഹായിക്കും. മരിച്ച ഓരോരുത്തർക്കും ഗോവ 5 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇരകളുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും കേന്ദ്രം പ്രത്യേകം പ്രഖ്യാപിച്ചു.

