ഗോവ : മഡ്ഗാവിലെ സൗത്ത് ഗോവ ജില്ലാ ആശുപത്രി അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഗോവ മെഡിക്കല്‍ കോളേജിന് തുല്യം സൗകര്യമുള്ളതാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു. 2027 ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ വിമർശകർക്ക് ഒരു ആയുധവും അവശേഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈ ആശുപത്രിയെ ജിഎംസിക്ക് തുല്യമായി മാറ്റുന്നതോടെ ദക്ഷിണ ഗോവയിലെ ജനങ്ങളുടെ ക്ഷേമത്തിനായി തങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്ന് അവകാശപ്പെടാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് മന്ത്രിയും പ്രാദേശിക എംഎൽഎയുമായ ദിഗംബർ കാമത്തിന്റെ സാന്നിധ്യത്തിൽ ഒരു അർബൻ ആയുഷ്മാൻ ആരോഗ്യ മന്ദിർ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
സൗത്ത് ഗോവയിലെ രോഗികളും അവരുടെ കുടുംബങ്ങളും നേരിടുന്ന നിലവിലെ ബുദ്ധിമുട്ടുകൾ മനസീലാക്കുന്നുവെന്നും ജിഎംസിയിലേക്ക് രോഗികളെ കൊണ്ടുപോകുന്നത് അവരുടെ കുടുംബങ്ങൾക്ക് ഒരു പേടിസ്വപ്നമായ സാഹചര്യമാണെന്ന് അറിയാമെന്നും റാണെ പറഞ്ഞു.
അപകട കേസുകൾക്കായി ജിഎംസിയിൽ സജ്ജീകരിച്ചിരിക്കുന്നതുപോലെ അടിയന്തര വകുപ്പിന് പുറമേ, ന്യൂറോളജി, ന്യൂറോ സർജറി, ഓർത്തോപീഡിക്സ് എന്നിവയുൾപ്പെടെയുള്ള പ്രത്യേക വകുപ്പുകൾ സൗത്ത് ജില്ലാ ആശുപത്രിയില്‍ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും ആശുപത്രിയുടെ വികസനത്തിനായി അഞ്ച് മുതൽ ആറ് വരെ “സമഗ്ര നിർദ്ദേശങ്ങൾ” ഇതിനകം സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഗോവ സ്റ്റേറ്റ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ജിഎസ്ഐഡിസി) വഴി ടേൺ കീ പ്രോജക്ടുകളായി ഇവ നടപ്പിലാക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത 3-4 മാസത്തിനുള്ളിൽ ആശുപത്രിയുടെ പ്രവർത്തനത്തിൽ ഗണ്യമായ പുരോഗതി ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

