തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആന്‍മേരി ജാസിര്‍ സംവിധാനം ചെയ്ത ‘പലസ്തീന്‍ 36’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.
ഈ വര്‍ഷത്തെ ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയ ഈ ചിത്രം, ടോറോന്‍േറാ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഗാലാ പ്രസന്റേഷന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ 20 മിനിറ്റ് നേരമുള്ള കരഘോഷവും നേടിയിരുന്നു.. 98-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട പലസ്തീനിയന്‍ ചിത്രം കൂടിയാണിത്.
1936 മുതല്‍ 1939 വരെ നീണ്ടുനിന്ന ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള അറബ് കലാപത്തെ പശ്ചാത്തലമാക്കിയ ചരിത്ര ചിത്രമാണിത്. ഗ്രാമീണനായ യൂസഫിന്റെ ജീവിതസംഘര്‍ഷങ്ങളും, ജെറുസലേമിലെ കലാപസാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ബ്രിട്ടീഷ് ഭരണത്തിനും സയണിസത്തിനുമെതിരെ പലസ്തീന്‍ കലാപം ആരംഭിച്ച വര്‍ഷമാണ് ചിത്രത്തിന്റെ പേരില്‍ സൂചിപ്പിച്ചിരിക്കുന്നത്.
വികാരനിര്‍ഭരമായ കുടുംബ ബന്ധങ്ങളെ അവതരിപ്പിച്ച ആന്‍മേരി ജാസിറിന്റെ ‘വാജിബും’ ഇത്തവണ ഐ.എഫ്.എഫ്.കെ വേദിയില്‍ പ്രദര്‍ശിപ്പിക്കും. 2017-ല്‍ ചിത്രത്തിന് ഐ.എഫ്.എഫ്.കെയില്‍ സുവര്‍ണചകോരം ലഭിച്ചിരുന്നു.

