നാലുലക്ഷത്തിലേറെ പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുമായി നോര്‍ക്ക കെയര്‍ ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് നിലവില്‍ വന്നു. രാജ്യത്തിനകത്തും വിദേശത്തും താമസിക്കുന്ന പ്രവാസികള്‍ക്കുവേണ്ടി ന്യൂ ഇന്ത്യ അഷ്വറന്‍സുമായി ചേര്‍ന്നാണ് നോര്‍ക്ക കെയര്‍ നടപ്പാക്കുന്നത്.
രജിസ്ട്രേഷന്‍ നവംബര്‍ 30 വരെ നീട്ടിയതിനാല്‍ ഇനിയും നോര്‍ക്ക കെയറില്‍ ചേരാന്‍ അവസരമുണ്ട്. നോര്‍ക്ക തിരിച്ചറിയല്‍-അപകട ഇന്‍ഷുറന്‍സ് കാര്‍ഡുള്ളവര്‍ക്ക് (എന്‍ആര്‍കെ) നേരിട്ട് നോര്‍ക്ക കെയറില്‍ രജിസ്റ്റര്‍ ചെയ്യാം. നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് മുഖേനയും (norkaroots.kerala.gov.in)നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പ് മുഖേനെയും അപേക്ഷ സമര്‍പ്പിക്കാം.
ഗ്രൂപ്പ് പോളിസിയായ നോര്‍ക്ക കെയറില്‍ മാതാപിതാക്കളും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന് 13,411 രൂപയാണ് പ്രീമിയം. ഒക്ടോബര്‍ 31 വരെ 1,02,524 കുടുംബങ്ങളാണ് പോളിസി എടുത്തിരിക്കുന്നത്.
ഇതിനകം രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും പോളിസി പ്രകാരമുള്ള പരിരക്ഷ നിലവില്‍ വന്നു.

