രസകരമായ ചർച്ചകൾക്കും വൈവിധ്യമാർന്ന വിഷയങ്ങളും വഴിയൊരുക്കി IFFK യിലെ മീറ്റ് ദി ഡയറക്ടർ പരിപാടി. നിർമിത ബുദ്ധിയുടെ സാധ്യതകൾ, നിർമാണ ചെലവിന്റെ അപര്യാപ്തതകൾ തുടങ്ങി ചലച്ചിത്ര നിർമാണത്തിന്റെ വിവിധ വശങ്ങളെപ്പറ്റിയുള്ള സംവാദ വേദിയായിരുന്നു ഇന്ന് (ഡിസംബർ 15) നടന്ന മീറ്റ് ദ ഡയറക്ടർ പ്രോഗ്രാം.
അങ്കമ്മാളിന്റെ സംവിധായകൻ വിപിൻ രാധാകൃഷ്ണൻ, മുഖക്കണ്ണാടിയുടെ സംവിധായകർ സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ, ഷിർകോവ : ഇൻ ലൈസ് വീ ട്രസ്റ്റിന്റെ സംവിധായകൻ ഇഷാൻ ശുക്ല, വട്ടുസി സോമ്പിയുടെ സംവിധായകൻ സിറിൽ അബ്രഹാം ഡെന്നിസ്, ബോഡിയുടെ സംവിധായകൻ അഭിജിത് മജുംദാർ, നിർമാതാവും സൗണ്ട് ഡിസൈനറുമായ അമല പോപ്പുരി, ദി ഷെയിംലസിലെ അഭിനേത്രി ഒമാരാ ഷെട്ടി തുടങ്ങി ഇത്തവണത്തെ മേളയിൽ ഇന്നലെ പ്രദർശിപ്പിച്ച പ്രധാന ചിത്രങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ പ്രേക്ഷകരോടു നേരിട്ട് സംവദിച്ചു. പരിപാടിയിൽ മീര സാഹിബ് ആയിരുന്നു മോഡറേറ്റർ. അണിയറ പ്രവർത്തകർ സിനിമകളെ കാണികൾക്ക് പരിചയപ്പെടുത്തിക്കൊണ്ടാണു ചർച്ചകൾ ആരംഭിച്ചത്. കാണികളുമായുള്ള ചോദ്യോത്തര വേളയുമുണ്ടായിരുന്നു.
ഇഷാൻ ശുക്ല, രാജ്യാന്തര ചലച്ചിത്ര മേളകളിലെ ഫിലിം മാർക്കറ്റുകളുടെ സാധ്യതകളെയും അതിലൂടെ വിദേശത്തുനിന്നടക്കം ലഭ്യമാക്കാൻ സാധിക്കുന്ന സഹായങ്ങളെക്കുറിച്ചും വിശദീകരിച്ചു. നിർമാണത്തുകയുടെ അഭാവം കാരണം അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെപ്പറ്റി ഒമാരാ ഷെട്ടി സംവദിച്ചു. ക്രൗഡ് ഫണ്ടിങ്ങിന്റെ സാധ്യതകളിലൂടെ ജനകീയ സിനിമകളുടെ നിർമാണത്തെക്കുറിച്ച് ബോഡിയുടെ നിർമാതാവ് അമല പോപ്പുരി വിശദീകരിച്ചു. സിനിമയുടെ നിർമാണത്തിന് സഹായമാകുന്ന നിരവധി സാധ്യതകളെ പറ്റിയും സർക്കാർ സംവിധാനങ്ങളെ പറ്റിയും ചർച്ചകൾ നടന്നു.