ഗോവ : ഗോവയിലെ ബിർച്ച് ബൈ റോമിയോ ലെയ്ൻ നിശാക്ലബ്ബിലെ തീപിടുത്തത്തിൽ 25 പേരുടെ മരണത്തിനിടയാക്കിയ ദാരുണ സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു മാനേജരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഭരത് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഒരു മാനേജരെ ഇന്നലെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ക്ലബിലെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഇയാൾ മേല്‍നോട്ടം വഹിച്ചിരുന്നതായി പോലീസ് പറഞ്ഞു.അതേ സമയം ക്ലബിന്റെ ഉടമ സൗരഭ് ലുത്ര ഇപ്പോഴും ഒളിവിലാണ്. ഇന്ത്യയിലുടനീളം 50 റെസ്റ്റോറന്റുകൾ ആരംഭിക്കാൻ ലുത്ര ലക്ഷ്യമിട്ടിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ലൂത്രയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ ‘റോമിയോ ലെയ്ൻ, ബിർച്ച് ആൻഡ് മാമാസ് ബുവോയിയിലെ ചെയർമാൻ’ എന്നാണ് ചേര്‍ത്തിരിക്കുന്നത്. അതേ സമയം ഇയാള്‍ ഗോവയില്‍ വല്ലപ്പോഴും മാത്രമാണ് എത്തിയിരുന്നതെന്നും പ്രതിനിധികളാണ് ചുമതലകള്‍ ഏറ്റെടുത്തിരുന്നതെന്നും ജീവനക്കാര്‍ പറയുന്നു.
ക്ലബ്ബിലെ ഡാൻസ് ഫ്ലോറിൽ തീപിടിത്തമുണ്ടായപ്പോള്‍ നൂറിലധികം പേരുണ്ടായിരുന്നുവെന്നും , രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അവരിൽ ചിലർ താഴേക്ക് ഓടി അടുക്കളയിലേക്ക് പോയി, അവിടെ ജീവനക്കാർക്കൊപ്പം കുടുങ്ങിയെന്നുമാണ് അറിയാന്‍ കഴിഞ്ഞത്.
മരിച്ചവരിൽ ഭൂരിഭാഗവും ക്ലബ്ബിന്റെ അടുക്കള ജോലിക്കാരായിരുന്നു, അതിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. മരിച്ചവരിൽ “മൂന്നോ നാലോ വിനോദസഞ്ചാരികൾ” ഉണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

