പീരുമേട് – പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്ഥികൾ നിർമിച്ച ഡെമോണ്സ്ട്രേറ്റർ റോക്കറ്റ് ബേസിലിയൻ-01 നാളെ രാവിലെ 10.30നു കോളജ് ഗ്രൗണ്ടിലെ ലോഞ്ചറിൽ നിന്നു കുതിച്ചുയരും.
ഐഎസ്‌ആർഒയിലെ മുൻ ശാസ്ത്രജ്ഞനും കോളജ് ഗവേഷണവിഭാഗം ഡീനുമായ ഡോ. ഉമ്മൻ തരകന്റെ നേതൃത്വത്തിലാണ് റോക്കറ്റ് വിക്ഷേപണത്തിനു തയാറാക്കിയത്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, കംപ്യൂട്ടര്‍ സയൻസ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, സിവിൽ എൻജിനിയറിംഗ് എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിലെ വിദ്യാര്‍ഥികൾ ചേർന്നാണ് റോക്കറ്റിന്റെ രൂപകല്പനയും നിർമാണവും പരീക്ഷണഘട്ടവും പൂർത്തിയാക്കിയത്. അഞ്ച് പേരിൽ കുറയാത്ത 20 ഗ്രൂപ്പുകളുടെ ഏകോപനമാണ് റോക്കറ്റിന്റെ വിവിധഘട്ടങ്ങളെ സംയോജിപ്പിച്ചത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനം പഠനത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ പൂർണ പങ്കാളിത്തത്തോടെ റോക്കറ്റ് നിർമിക്കുന്നതെന്ന് എംബിസി കോളജ് ഡയറക്ടർ ഡോ. ഉമ്മന്‍ മാമ്മൻ പറഞ്ഞു. മൂന്ന് മിനിറ്റിൽ രണ്ട് കിലോമീറ്റർ ഉയരത്തിലെ ലക്ഷ്യസ്ഥാനത്തെത്തി ഒരു കിലോമീറ്റർ ചുറ്റളവിലെ പഠനം നടത്തിയശേഷം 10 മിനിറ്റിനുള്ളിൽ നിലംതൊടും. വിക്ഷേപണകേന്ദ്രത്തിൽ നിന്നു 900 മീറ്ററിനുള്ളിൽ നിലംപതിക്കാന്‍ സാധിക്കുമെന്ന് സംഘാടകർ പറഞ്ഞു. 2.5 കിലോഗ്രാം ഭാരമുള്ള റോക്കറ്റ് നിർമാണത്തിന് സാങ്കേതികവിദ്യ കൂടാതെ അഞ്ച് ലക്ഷം രൂപ ചെലവുണ്ടായി. സോളിഡ് പ്രൊപ്പല്ലന്റാണ് ഇന്ധനമായി ഉപയോഗിക്കുന്നത്.വിക്ഷേപണത്തിൽ നിന്നു ലഭിക്കുന്ന സാങ്കേതിക വിവരങ്ങള് വെള്ളായണി അഗ്രികള്ച്ചറല് യൂണിവേഴ്സിറ്റിക്ക് കൈമാറും.

