ജാർഖണ്ഡിലെ ടാറ്റാ നഗറിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ടാറ്റനഗർ-എറണാകുളം എക്സ്പ്രസിന് ആന്ധ്രാപ്രദേശിൽ വെച്ച് തീപിടിച്ചു. അപകടത്തിൽ ഒരു യാത്രക്കാരൻ മരിക്കുകയും രണ്ട് കോച്ചുകൾ പൂർണ്ണമായും കത്തിയമരുകയും ചെയ്തു.
ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലുള്ള യലമഞ്ചിലിക്ക് സമീപം ട്രെയിൻ സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് സംഭവം നടന്നത്. ജാർഖണ്ഡിലെ ടാറ്റയിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന നൂറുകണക്കിന് യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്.
ടാറ്റനഗർ-എറണാകുളം എക്സ്പ്രസിന്റെ ബി 1 (B1), എം 2 (M2) കോച്ചുകളിലാണ് തീപിടുത്തമുണ്ടായത്. വളരെ പെട്ടെന്ന് തന്നെ തീ പടരുകയും രണ്ട് കോച്ചുകളും പൂർണ്ണമായും കത്തിയമരുകയും ചെയ്തു. ട്രെയിനിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാർക്കിടയിൽ വലിയ പരിഭ്രാന്തി പടർന്നു.
ബി1 കോച്ചിൽ നിന്നാണ് തീ പടർന്നതെന്നും അത് തൊട്ടടുത്തുള്ള എം1, ബി2 കോച്ചുകളിലേക്ക് പടർന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. തീ കൂടുതൽ പടരുന്നത് തടയാൻ തീ പടർന്ന കോച്ചുകൾ ട്രെയിനിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഉടനടി വേർപെടുത്തി.
സംഭവസമയത്ത് ഒരു കോച്ചിൽ 82 യാത്രക്കാരും മറ്റൊരു കോച്ചിൽ 76 യാത്രക്കാരുമുണ്ടായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. “
സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടിട്ടുണ്ട്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കിയതായും യാത്രക്കാർക്കായി പകരം സംവിധാനങ്ങൾ ഒരുക്കുമെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

