ഗോവ: ഓള്‍ഡ് ഗോവയിലെ ബോം ജീസസ് ബസലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ 18-ാമത് തിരുശേഷിപ്പ് പ്രദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ സുഗമമായ ഗതാഗതം സുഗമമാക്കാന്‍ ഗോവയിലെ പൊതുഗതാഗത സംവിധാനമായ കദംബ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് (കെടിസി) ഒരുങ്ങികഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഇല്ലാത്തതിനാല്‍ കൊങ്കണ്‍ റെയില്‍വേ പ്രത്യേക ട്രെയിന്‍ ക്രമീകരണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും, യാത്രക്കാരുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്ന വര്‍ദ്ധനവ് ഉള്‍ക്കൊള്ളാന്‍ പതിവ് ട്രെയിന്‍ സര്‍വീസുകള്‍ സ്ജജമായിട്ടുണ്ട്.
ട്രെയിന്‍ സര്‍വീസ് വര്‍ധിപ്പിക്കുന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്നും തങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം ഇല്ലാതിരുന്നതിനാല്‍, ഷെഡ്യൂള്‍ ചെയ്ത എക്സ്പോസിഷന് കണക്കിലെടുത്ത് യാത്രക്കാരുടെ പ്രതീക്ഷിത വര്‍ദ്ധന ഉള്‍ക്കൊള്ളാന്‍ ദിവസേനയും ആഴ്ചതോറും ഓടുന്ന നിലവിലുള്ള ട്രെയിനുകളെയാണ് ആശ്രയിക്കുന്നതെന്നും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (പിആര്‍ഒ) സീനിയര്‍ ജനറല്‍ മാനേജര്‍ ബാബന്‍ ഗാട്ഗെ പറഞ്ഞു.
കര്‍മാലി-ഓള്‍ഡ് ഗോവ സ്റ്റേഷനില്‍ ആകെ 13 ട്രെയിനുകളാണ് നിര്‍ത്തുന്നത്. തീര്‍ത്ഥാടകര്‍ക്ക് ഇത് പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയും, സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ലഭ്യമായ ട്രെയിനുകളുടെ പട്ടിക കഴിഞ്ഞ ആഴ്ച തന്നെ സര്‍ക്കാരിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു. ഓരോ ട്രെയിനും രണ്ട് മിനിറ്റാണ് കര്‍മാലിയില്‍ സ്റ്റോപ്പുള്ളത്.
തിര്ത്ഥാടകരുടേയും വിനോദസഞ്ചാരികളുടെയും തിരക്ക് നിയന്ത്രിക്കാന്‍ കെടിസി ബസുകള്‍ വിന്യസിക്കുമെന്ന് കെടിസി ചെയര്‍മാനും നാവേലിം എംഎല്‍എയുമായ ഉല്ലാസ് തുയേങ്കര് പറഞ്ഞു. പ്രധാന പട്ടണങ്ങളായ മഡ്ഗാവ്, മപ്സ, പെര്‍ണേം, കണ്‍കോണ, സാംഗേം, പനജി എന്നിവിടങ്ങളില്‍ നിന്നുള്ള പതിവ് ബസ് സര്‍വീസുകള്‍ക്ക് പുറമെ, ഓള്ഗോവയില് നിന്ന് കര്മാലിയിലേക്കും തിരിച്ചും ഹ്രസ്വദൂര ബസുകള്‍ക്ക് കോര്പ്പറേഷന് പ്രാധാന്യം നല്‍കും. ഉത്സവ തിരക്ക് കണക്കിലെടുത്ത് മുപ്പത് അധിക ബസുകള്‍ക്കായി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തുയേങ്കര് പറഞ്ഞു. ജനുവരി അഞ്ച് വരെയാണ് തിരുശേഷിപ്പ് പ്രദര്‍ശനം. അതേസമയം തിരുശേഷിപ്പ് പ്രദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ 20 വരെ ഓള്‍ഡ് ഗോവയിലേക്കുള്ള സന്ദര്‍ശകരുടെ സഞ്ചാരത്തിന് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.