ഗോവ: നാളെ ആരംഭിക്കുന്ന 55-ാമത് അന്തരാഷ്ട്ര ചലച്ചിത്രമേളയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ഡെലിഗേറ്റുകളും, മാധ്യമ പ്രതിനിധികളും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ എത്തിച്ചേര്‍ന്ന് തങ്ങളുടെ ഡെലിഗേറ്റ് പാസുകള്‍ സ്വീകരിക്കുന്നതിനുള്ള തിരക്കുകളും ആരംഭിച്ചു. 20ന് ഉച്ചകഴിഞ്ഞ് ബംബോളിം ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ 50 ലധികം സെലിബ്രിറ്റികളാണ് പങ്കെടുക്കുന്നത്. 9 ദിവസത്തെ ചലച്ചിത്രമേളയില്‍ 270-ലധികം സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
181 രാജ്യങ്ങളില്‍ നിന്നുള്ള 180-ലധികം അന്തര്‍ദേശീയ സിനിമകള്‍ ഫിലിം ഫെസ്റ്റിവലില്‍ ഉണ്ടാകും, ഐഎഫ്എഫ്‌ഐ 2024ല്‍ 14 ഏഷ്യന്‍ പ്രീമിയറുകളും 106 ഇന്ത്യന്‍ പ്രീമിയറുകളും നടക്കുമെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
ഈ വര്‍ഷം 4,023 ഡെലിഗേറ്റുകളും 1,288 വിദ്യാര്‍ത്ഥികളും 1,196 ചലച്ചിത്ര പ്രൊഫഷണലുകളും ഉള്‍പ്പെടെ 6,507 ഡെലിഗേറ്റുകള്‍ ഫിലിം ഫെസ്റ്റിവലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, കഴിഞ്ഞ ചലച്ചിത്രമേളയെ അപേക്ഷിച്ച് ഡെലിഗേറ്റുകളുടെ എണ്ണത്തില്‍ 25% വര്‍ധനവുണ്ടായെന്നും സാവന്ത് പറഞ്ഞു. ഫെസ്റ്റിവലില്‍ ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തും.
ദിവസേന നാല് സെഷനുകളിലായി കലാ അക്കാദമിയില്‍ 21 മുതല്‍ നവംബര്‍ 27 വരെമാസ്റ്റര്‍ ക്ലാസുകള്‍ നടത്തും.
ഇത്തവണ ആറ് തീയേറ്ററുകള്‍ കൂടി ലഭ്യമാക്കിയിട്ടുണ്ട്. അതില്‍ നാലെണ്ണം മഡ്ഗാവിലും രണ്ടെണ്ണം പോണ്ടയിലുമാണെന്ന് ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടര്‍ പൃഥുല്‍ കുമാര്‍ പറഞ്ഞു.
ഫിലിം ഫെസ്റ്റിവലിലെ ‘കണ്‍ട്രി ഓഫ് ഫോക്കസ്’ ഓസ്ട്രേലിയയാണെന്നും ഓസ്ട്രേലിയന്‍ ചിത്രമായ ‘ബെറ്റര്‍ മാന്‍’ മേളയുടെ ഉദ്ഘാടന ചിത്രമായിരിക്കുമെന്നും പൃഥുല്‍ കുമാര്‍ പറഞ്ഞു. 41-ലധികം രാജ്യങ്ങളില്‍ നിന്നുള്ള രാജ്യാന്തര പ്രതിനിധികള്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മേളയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഫിലിം ബസാറില്‍ ഇനി ഒ ടി ടി വെബ് സീരീസ് അവിഭാജ്യ ഘടകമായിരിക്കും. 350-ലധികം ഫിലിം പ്രോജക്ടുകള്‍ ബസാറില്‍ അവതരിപ്പിക്കും. മാര്‍ക്കറ്റിംഗ് പവലിയനുകള്‍ക്ക് പുറമെ 10 രാജ്യങ്ങളില്‍ നിന്നും 14 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പവലിയനുകളും ഫിലിം ബസാറില്‍ ഉണ്ടായിരിക്കും.
മികച്ച ഇന്ത്യന്‍ നവാഗത സംവിധായകനുള്ള പുതിയ പുരസ്‌കാരം ഈ വര്‍ഷം മുതല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വേദികളിലെ അലങ്കാരങ്ങളും ഇന്‍സ്റ്റാളേഷനുകളും പരിസ്ഥിതി സൗഹൃദമാണെന്നും ഈ വേദികളെല്ലാം ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്നും ഗോവയിലെ എന്റര്‍ടൈന്‍മെന്റ് സൊസൈറ്റി വൈസ് ചെയര്‍പേഴ്സണ്‍ ഡെലീല ലോബോ പറഞ്ഞു.
ഗോവന്‍ ഡയറക്ടേഴ്സ് കട്ട് വിഭാഗം ഉള്‍പ്പെടെയുള്ള പ്രത്യേക വിഭാഗങ്ങള്‍ക്ക് കീഴില്‍ 14 ഗോവന്‍ ചിത്രങ്ങള്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.