55-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (ഐഎഫ്എഫ്ഐ) ഇന്ത്യൻ പനോരമ വിഭാഗത്തിൽ മലയാള ചിത്രമായ ‘മഞ്ഞുമ്മേൽ ബോയ്സ്’ ശ്രദ്ധനേടി. മേളയുടെ അഞ്ചാം ദിവസമായ ഇന്നലെ വൈകിട്ട് 8 മണിയ്ക്കായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം.
മഞ്ഞുമ്മേല്‍ ബോയ്സിലെ യഥാർത്ഥ നായകൻ ഗുഹയാണെന്നും ഗുഹയുടെ ഗന്ധം സ്‌ക്രീനിലേക്ക് എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ചിത്രത്തിന്റെ സംവിധായകന്‍ ചിദംബരം അഭിപ്രായപ്പെട്ടു. ഇന്ന് ഗോവയിലെ പിഐബി മീഡിയ സെൻ്ററിൽ നടന്ന പത്രസമ്മേളനത്തിൽ മാധ്യമ പ്രവര്‍ത്തകരുമായി സംവദിച്ച ചിദംബരം ഐ എഫ് എഫ് ഐ യില്‍ മഞ്ഞുമ്മേല്‍ ബോയ്സ് പ്രദര്‍ശിപ്പിച്ചതിന്റെ സന്തോഷം പങ്കുവച്ചു.
കേരളത്തിലെ കൊച്ചിക്കടുത്തുള്ള മഞ്ഞുമ്മേൽ ഗ്രാമത്തിൽ നിന്നുള്ള 11 അംഗ മലയാളി യുവാക്കളുടെ ഇടയിലുണ്ടായ ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിൻ്റെ കഥ. തമിഴ്നാട്ടിലെ കൊടൈക്കനാലിൽ സ്ഥിതി ചെയ്യുന്ന ഗുണ ഗുഹകൾ എന്നറിയപ്പെടുന്ന ഡെവിൾസ് കിച്ചൺ ഈ സംഘം സന്ദർശിച്ചിരുന്നു. കമൽഹാസൻ്റെ ഗുണ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് ഈ ഗുഹകൾക്ക് പ്രശസ്തി ലഭിച്ചത്. അവരുടെ സന്ദർശനത്തിനിടെ, സംഘത്തിലെ ഒരാൾ അബദ്ധവശാൽ ഗുഹയ്ക്കുള്ളിലെ ഒരു കുഴിയിൽ വീണു. ലോക്കൽ പോലീസും അഗ്നിശമന സേനയും പോലും പ്രതീക്ഷ കൈവിട്ടപ്പോൾ, സിജു ഡേവിഡ് തൻ്റെ സുഹൃത്തിനെ വീരോചിതമായി രക്ഷിക്കാനുളള ശ്രമം സ്വയം ഏറ്റെടുത്തു. ധീരവും സാഹസികവുമായ ഒരു ദൗത്യമായിരുന്നു അത്. സൗഹൃദത്തിൻ്റെയും നിസ്വാർത്ഥതയുടെയും ശക്തി ഉയർത്തിക്കാട്ടുന്ന സംഭവം മഞ്ഞുമ്മേൽ സ്വദേശികളായ ഈ പതിനൊന്ന് യുവാക്കളുടെ ധീരതയുടെ തെളിവാണ്.
സിനിമയ്ക്ക് ആധാരമായ സംഭവം പരക്കെ അറിയപ്പെടുന്നതാണെന്നും ചിദംബരം പറഞ്ഞു. ഒരു പതിറ്റാണ്ട് മുമ്പ് മറ്റൊരു ടീം ഇതിനെ കുറിച്ച് ഒരു സിനിമ നിർമ്മിക്കാൻ ശ്രമിച്ചിരുന്നു, എന്നാൽ അന്ന്, അത്തരം ഒരു കഥയിൽ നിക്ഷേപം നടത്താൻ ആരും തയ്യാറായിരുന്നില്ല. എന്നിരുന്നാലും, മലയാള ചലച്ചിത്ര വ്യവസായം പിന്നീട് വികസിച്ചു, OTT പ്ലാറ്റ്‌ഫോമുകളുടെ ഉയർച്ച ഇതുപോലുള്ള കഥകൾ പറയാൻ കൂടുതൽ അവസരങ്ങൾ നല്‍കി.
നേരിട്ട വെല്ലുവിളികളില്‍ പ്രധാനം , യഥാർത്ഥ ഗുഹയിൽ ഷൂട്ടിംഗ് സാധ്യമല്ലാത്തതിനാൽ, കൊച്ചിയിലെ ഒരു ഗോഡൗണിൽ ഗുണ ഗുഹ പുനർനിർമ്മിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളായിരുന്നുവെന്ന് സംവിധായകൻ എടുത്തുപറഞ്ഞു. ഗുഹയുടെ സത്തയും അതിൻ്റെ സവിശേഷതകളും പിടിച്ചെടുക്കാൻ ടീമിന് സൂക്ഷ്മമായ ശ്രദ്ധയും സ്ഥിരോത്സാഹവും വേണ്ടിയിരുന്നു.
ഈ കഠിന പ്രയത്നം ചിത്രത്തിന്റെ വിജയത്തിന് കാരണമായി. ഒരു ടീം വര്‍ക്കിന്റെ വിജയം തന്നെയാണ് മഞ്ഞുമ്മേല്‍ ബോയ്സ്.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക…
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV