നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി രാഗേഷ് നാരായണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ‘തണുപ്പ്’ 55-ാമത് ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയിലെ മല്‍സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണ്. മലയാളത്തില്‍നിന്നുള്ള ഏക എന്‍ട്രിയായിരുന്നു തണുപ്പ്. ആദ്യ ചിത്രത്തിന് ലഭിച്ച ഈ അംഗീകാരത്തിന്റെ സന്തോഷം ഗോവന്‍ മലയാളി ന്യൂസ് ടീമുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചു.
പ്രണയിച്ച് വിവാഹിതരാകുന്ന രണ്ടുപേര്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ അവര്‍ കടന്നുപോകുന്ന പ്രതിസന്ധികളാണ് ചിത്രം പറയുന്നത്. ഈ വര്‍ഷം മുതല്‍ പുതുതായി ആരംഭിച്ച നവാഗതസംവിധായകന്റെ സിനിമയ്ക്കുള്ള മല്‍സരവിഭാഗത്തിലേക്കാണ് മലയാളത്തില്‍നിന്ന് തണുപ്പ്(Thanupp Movie) തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ ആദ്യ ചിത്രത്തിന് തന്നെ ഇങ്ങനെ ഒരു അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ രാഗേഷ് നാരായണന്‍. അവാര്‍ഡ് ലഭിച്ചില്ലെങ്കില്‍ പോലും ഇത്തരമൊരു മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന് ടിക്കറ്റ് ലഭിക്കാത്തതിന്റെ നിരാശ പലരിലും കാണാന്‍ കഴിയുന്നു. ഒരു സ്‌ക്രീനിംഗ് കൂടി ഉണ്ടായിരുന്നെങ്കില്‍ കുറച്ചുകൂടി ആളുകള്‍ക്ക് കാണുവാനുള്ള അവസരം ഉണ്ടാകുമായിരുന്നു.
കാശി സിനിമാസിന്റെ ബാനറില്‍ അനു അനന്തന്‍ നിര്‍മ്മിച്ച ചിത്രം കണ്ണൂരിലെ ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
പ്രമേയത്തിലെ പുതുമയാണ് ചിത്രത്തിന്റെ ശ്രദ്ധയര്‍ഹിക്കുന്ന കാര്യം. വിവാഹത്തിനുശേഷം ഒരു പ്രത്യേക സാഹചര്യത്തില്‍ അവര്‍ കടന്നുപോകുന്ന വഴികള്‍ വിചിത്രവും അസാധാരണവുമാണ്. അതിന്റെ പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം.
നിരവധി സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള നിധീഷാണ് പ്രതീഷിന്റെ വേഷത്തില്‍ അഭിനയിച്ചത്. നവാഗതയായ ജിബിയ ട്രീസയുടെ വേഷത്തിലുമെത്തുന്നു. ഇരുവരും തങ്ങള്‍ക്ക് കിട്ടിയ വേഷം ഭംഗിയായി സ്‌ക്രീനിലെത്തിച്ചു. കൂട്ടിക്കല്‍ ജയചന്ദ്രന്‍, അരുണ്‍ കുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്.
മന്ദാകിനി എന്ന ചിത്രത്തിന് സംഗീതമൊരുക്കിയ ബിബിന്‍ അശോകാണ് സിനിമയുടെ സംഗീത സംവിധായകന്‍. മികച്ച പശ്ചാത്തല സംഗീതവും ഇതിനകം ശ്രദ്ധിക്കപ്പെട്ട രണ്ട് പാട്ടുകളും തണുപ്പിന്റെ വൈകാരിക മുഹൂര്‍ത്തങ്ങളെ മികച്ചതാക്കി. വിവേക് മുഴക്കുന്നാണ് ഗാനരചന. ലളിതമായ വരികളിലൂടെ കഥാപാത്രങ്ങളുടെ ഉള്ളറിഞ്ഞ എഴുത്താണ് വിവേകിന്റേത്. മണികണ്ഠന്റെ ക്യാമറയും സഫ്ദര്‍ മര്‍വയുടെ എഡിറ്റിംഗും മികച്ചുനില്‍ക്കുന്നു.