ന്യൂഡൽഹി: ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുകയും വൈകുകയും ചെയ്യുന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഡി.ജി.സി.എ. സർവീസുകൾ ഫെബ്രുവരി 10 ഓടെ മാത്രമെ പൂർവസ്ഥിതിയിലാകൂ എന്നും രണ്ടു ദിവസം കൂടി സർവീസ് റദ്ദാക്കലുകൾ തുടരുമെന്നും ഇൻഡിഗോ അറിയിച്ചു.
പൈലറ്റുമാരുടെ ക്ഷാമം, സാങ്കേതിക പ്രശ്‌നങ്ങൾ, ശീതകാല ഷെഡ്യൂൾ മാറ്റം തുടങ്ങിയവയാണ് സർവീസ് റദ്ദാക്കലിനടക്കം ഇടയാക്കിയത്. കഴിഞ്ഞ ദിവസം 300ലധികം സർവീസുകളാണ് റദ്ദാക്കിയത്.
പൈലറ്റുമാർക്കും ജീവനക്കാർക്കും മതിയായ വിശ്രമം ഉറപ്പാക്കുന്ന പുതിയ മാർഗനിർദ്ദേശം നടപ്പായതോടെയാണ് ആൾക്ഷാമം നേരിട്ടതെന്നാണ് സൂചന. മറ്റ് കമ്പനികൾക്കും പ്രശ്‌നമുണ്ടായെങ്കിലും പ്രതിദിനം 2000ലധികം സർവീസുകൾ നടത്തുന്ന ഇൻഡിഗോയെയാണ് കൂടുതൽ ബാധിച്ചത്. നിർദ്ദേശം നടപ്പാക്കാൻ മുൻകൂർ അറിയിച്ചിട്ടും ഇൻഡിഗോ പാലിച്ചില്ലെന്ന് പൈലറ്റ് അസോസിയേഷനുകൾ കുറ്റപ്പെടുത്തി.

