ഗോവ – ഗോവയിലെ സത്താരി സ്വദേശിയായ ഒരാളില്‍ നിന്നും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 1.41 കോടി രൂപ തട്ടിയെടുത്ത കേസില്‍
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുള്ള റുഷഭ് ഹൻവതേ (23) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഓൺലൈൻ ഫോറെക്സ് ട്രേഡിംഗ് തട്ടിപ്പ് കേസിലാണ് അറസ്റ്റ്.
പ്രതിയുടെ ലെയർ 1 ലെ ബാങ്ക് അക്കൗണ്ടിൽ 9.99 ലക്ഷം രൂപ ലഭിച്ചതായും പിന്നീട് അത് അയാളുടെ കൂട്ടാളികളുടെ ഒന്നിലധികം അക്കൗണ്ടുകളിലേക്ക് അയച്ചതായും കണ്ടെത്തി. കൂടുതൽ അന്വേഷണത്തില്‍ ഈ അക്കൗണ്ട് ഇന്ത്യയിലുടനീളമുള്ള പത്തൊൻപത് മറ്റ് സൈബർ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കണ്ടെത്തിയതായി സൈബർ ക്രൈം പോലീസ് സൂപ്രണ്ട് രാഹുൽ ഗുപ്ത പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബറിനു മുമ്പാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഒന്നിലധികം നമ്പറുകൾ ഉപയോഗിച്ച് വാട്ട്‌സ്ആപ്പ് വഴിയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയും തന്നെ ബന്ധപ്പെട്ടിരുന്നതായി പരാതിക്കാരൻ പോലീസിനോട് പറഞ്ഞു.
ഒരു സൗജന്യ മാട്രിമോണിയൽ സൈറ്റിൽ ‘സംസിയബേഗാം’ എന്ന് സ്വയം പരിചയപ്പെടുത്തി സ്ത്രീയായി വേഷംമാറി പ്രതി പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ചു.
തുടര്‍ന്ന് മാർക്കറ്റ് ട്രേഡുകളിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിയമാനുസൃത നിക്ഷേപ മാർഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി ഓൺലൈന്‍ ഫോറെക്സ് ട്രേഡിംഗ് പ്ലാറ്റ്‌ഫോമിലേക്ക് ഇദ്ദേഹത്തെ നയിക്കുകയായിരുന്നു. ഉയർന്ന റിട്ടേൺ നൽകാമെന്ന വ്യാജേന, പരാതിക്കാരനെ ഒന്നിലധികം ഇടപാടുകളിലൂടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1.41 കോടി രൂപ ട്രാൻസ്ഫർ ചെയ്യാൻ ഇയാള്‍ നിർബന്ധിച്ചു.
സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ എസ്പി രാഹുൽ ഗുപ്ത, അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ബി വി ശ്രീദേവി, പോലീസ് ഇൻസ്പെക്ടർ ദീപക് പെഡ്നേക്കർ എന്നിവരുടെ മേൽനോട്ടത്തിൽ പോലീസ് സബ് ഇൻസ്പെക്ടർ നവീൻ നായികിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് നടത്തിയത്.

