ഗോവ: രാജ്യാന്തര കായിക ഭൂപടത്തിൽ ഗോവയുടെ അഭിമാനമായി മാറിയ ആറാമത് IRONMAN 70.3 GOA മത്സരത്തിന് ആവേശകരമായ സമാപനം. നവംബർ 1-ന് മിരാമാർ ബീച്ചിനെ കേന്ദ്രീകരിച്ച് നടന്ന മത്സരത്തിൽ 30 രാജ്യങ്ങളിൽ നിന്നായി 2,000-ത്തിലധികം ട്രയാത്ലറ്റുകളാണ് പങ്കെടുത്തത്.
മൂന്ന് കായിക ഇനങ്ങൾ ഉൾപ്പെടുന്ന അതിസാഹസികമായ മത്സരമാണ് അയൺമാൻ 70.3. 1.9 കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ സൈക്ലിങ്, 21.1 കിലോമീറ്റർ ഓട്ടം എന്നിങ്ങനെ ആകെ 113 കിലോമീറ്റർ ദൂരം പൂർത്തിയാക്കുന്നതാണ് മത്സരം. ശാരീരികക്ഷമതയ്ക്കൊപ്പം മാനസികധൈര്യവും അച്ചടക്കവും സഹനശേഷിയും ആവശ്യമായ ഈ മത്സരം ലോകമെമ്പാടുമുള്ള കായികതാരങ്ങളുടെ സ്വപ്നവേദിയാണ്.
ഈ വർഷത്തെ മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടം ഇന്ത്യൻ സൈനിക താരം ബിറ്റൻ സിംഗിന്റേതായിരുന്നു. 4 മണിക്കൂർ 24 മിനിറ്റ് 29 സെക്കൻഡിൽ മത്സരം പൂർത്തിയാക്കി അദ്ദേഹം പുതിയ കോഴ്സ് റെക്കോർഡോടെ പുരുഷവിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. 2025-ൽ ഉസ്ബെക്കിസ്ഥാൻ താരം കോൺസ്റ്റാന്റിൻ ബെലോസോവ് സ്ഥാപിച്ച 4:25:47 എന്ന റെക്കോർഡാണ് ബിറ്റൻ സിംഗ് മറികടന്നത്.
പുരുഷവിഭാഗത്തിൽ അനിരുദ്ധ് രവിചന്ദ്രൻ (4:46:32) രണ്ടാം സ്ഥാനവും നിഹാൽ ബെയ്ഗ് (4:52:59) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വനിതാവിഭാഗത്തിൽ മറീന ഷ്ലിയാഖ്തിന 5:30:29 സമയത്തോടെ ഒന്നാം സ്ഥാനം നേടി. സബീന ഇസ്കാകോവ രണ്ടാം സ്ഥാനവും മെല്ലാനി വെൻഡ് മൂന്നാം സ്ഥാനവും നേടി.
യോസ്കയുടെ നേതൃത്വത്തിൽ ഗോവ സർക്കാരിന്റെയും IRONMAN-ന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച മത്സരത്തിന് ഹെർബലൈഫ് അവതരണപങ്കാളിയായി. ഗോവ ടൂറിസം വകുപ്പിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും പിന്തുണയും പരിപാടിക്ക് ലഭിച്ചു.
മത്സരത്തിൽ 150 ഗോവൻ താരങ്ങളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. ‘വന്ദേമാതരത്തിന്’ 150 വർഷം പൂർത്തിയാകുന്നതിനോടനുബന്ധിച്ച് പ്രത്യേക ലോഗോയും ഈ വർഷത്തെ ഇവന്റ് ടി-ഷർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.
കായികമത്സരം എന്നതിലുപരി അന്താരാഷ്ട്ര കായികതാരങ്ങളെയും അവരുടെ കുടുംബങ്ങളെയും സന്ദർശകരെയും ഗോവയിലേക്ക് ആകർഷിക്കുന്ന വലിയൊരു കായിക ടൂറിസം സംരംഭമായി അയൺമാൻ 70.3 മാറിക്കഴിഞ്ഞു.
സഹനശേഷിയുടെയും ആത്മവിശ്വാസത്തിന്റെയും അച്ചടക്കത്തിന്റെയും ഉജ്ജ്വല മാതൃകയായി മാറിയ അയൺമാൻ 70.3 ഗോവ, ഇന്ത്യയുടെ കായികമേഖലയ്ക്കും ഗോവയുടെ അന്താരാഷ്ട്ര പ്രശസ്തിക്കും പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്.

