തിരുവനന്തപുരം: ലോകസിനിമയിലെ പുതിയ കാഴ്ചകളും മലയാളത്തിന്റെ ശ്രദ്ധേയമായ ചലച്ചിത്രപരീക്ഷണങ്ങളുമായി 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 11 മുതൽ 18 വരെ തിരുവനന്തപുരത്ത് നടക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേളയിലെ രാജ്യാന്തര മത്സരവിഭാഗം, മലയാളം സിനിമ ടുഡേ, ഇന്ത്യൻ സിനിമ നൗ, പുതുതായി ഉൾപ്പെടുത്തിയ ക്രിട്ടിക്സ് ഡിസ്കവറി എന്നീ വിഭാഗങ്ങളിലേക്കുള്ള ചിത്രങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു.
രാജ്യാന്തര മത്സരവിഭാഗത്തിൽ 14 ചിത്രങ്ങളാണ് മാറ്റുരയ്ക്കുന്നത്. നാല് ഇന്ത്യൻ ചിത്രങ്ങൾ ഉൾപ്പെടുന്ന പട്ടികയിൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘പദയാത്ര’, ലിയോ തദേവൂസിന്റെ ‘ചെവിട്ടോർമ’ എന്നിവയാണ് മലയാളത്തിന്റെ സാന്നിധ്യം. ശൈലേഷ് രത്നകുമാറിന്റെ ‘സെൽവി’, രാമലിംഗം ഗൗതമിന്റെ ‘മെമ്പേഴ്സ് ഓഫ് ദി പ്രോബ്ലമാറ്റിക് ഫാമിലി’ എന്നിവയാണ് മത്സരവിഭാഗത്തിലെ മറ്റു ഇന്ത്യൻ ചിത്രങ്ങൾ.
ചൈനയിൽനിന്നുള്ള ‘എംബേഴ്സ്’, ബ്രസീലിൽനിന്നുള്ള ‘ഗുഗൂസ് വേൾഡ്’, മെക്സിക്കൻ ചിത്രങ്ങളായ ‘ഐ ആം മാരിയോ’, ‘ദി സൈലന്റ് വിർജിൻ’, ഫിലിപ്പീൻസിൽനിന്നുള്ള ‘സൈലൻസ്ഡ് നൈറ്റ്സ്’ എന്നിവയും മത്സരത്തിനുണ്ട്. ഇറാനിയൻ ചിത്രങ്ങളായ ‘സ്ലമ്പർ’, ‘പീപ്പിൾസ് ചൈൽഡ്’, ഉസ്ബെക്കിസ്ഥാൻ–കസാക്കിസ്ഥാൻ ചിത്രം ‘ഔറോബോറോസ്’, ഉറുഗ്വേയിൽനിന്നുള്ള ‘സ്വീറ്റ് വയലൻസ്’, ബംഗ്ലാദേശിൽനിന്നുള്ള ‘ബോണോലത സെൻ’ എന്നിവയും രാജ്യാന്തര മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കും.
മലയാളത്തിന്റെ പുതിയ കാഴ്ചകളുമായി 12 ചിത്രങ്ങൾ
മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അരുൺ വർഗീസിന്റെ ‘എ ഡക്ക് ടെയിൽ’, ശ്രുതി ശരണ്യത്തിന്റെ ‘ഒറ്റഞാവൽമരം’, അജ്മൽ ഹംസയുടെ ‘ഡൊമസ്റ്റിക് സർക്കസ്’, ഷിനോസ് റഹ്മാനും സജാസ് റഹ്മാനും ചേർന്ന് സംവിധാനം ചെയ്ത ‘മെട്രോ പാരമോ’, ദിൻജിത്ത് അയ്യത്താന്റെ ‘എക്കോ’, സലിം അഹമ്മദിന്റെ ‘ലെഫ്റ്റ് ഓവർ’ എന്നിവ പ്രദർശിപ്പിക്കും.
നൈനാൻ ആന്റോയുടെ ‘മോസ്കോ’, മനു വിശ്വംഭരത്തിന്റെ ‘നോട്ട് എ സിനിമ’, ഡോൺ പാലത്തറയുടെ ‘ഏകദേശം’, ജാച്ചി ഐയുടെ ‘റിവോ റുകയ്യ’, അജയ് പ്രസാദിന്റെ ‘കല്ലളൻ’, ഷാരോൺ മാനുവൽ ജോയിയുടെ ‘ട്രെയ്സ് ഓഫ് വിൻഡ്’ എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.
ഇന്ത്യൻ സിനിമ നൗവിൽ ഏഴ് ചിത്രങ്ങൾ
ഇന്ത്യയിലെ വിവിധ ഭാഷകളിലെ ചലച്ചിത്രസാന്നിധ്യങ്ങളെ പരിചയപ്പെടുത്തുന്ന ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് ചിത്രങ്ങളുണ്ടാകും. റിദം ജാൻവെയുടെ ‘ഹണ്ടേഴ്സ് മൂൺ’, അർഷ് ജെയിന്റെ ‘മാസ്റ്റർ ബന്തൂ’, ദേബ പ്രസാദ് ബെഹ്റയുടെ ‘ഊർമി’, ബിഷാൽ സ്വർഗിയറിയുടെ ‘ആൻ ഈവനിംഗ് ബല്ലാഡ്’ എന്നിവയാണ് പട്ടികയിലുള്ളത്.
യശസ്വി ജുയാലിന്റെ ‘ദി ഇങ്ക് സ്റ്റെയിൻഡ് ഹാൻഡ് ആൻഡ് ദി മിസ്സിംഗ് തമ്പ്’, ഗുർവീന്ദർ സിംഗിന്റെ ‘റഹ്മത്ത്’, റോമി മെയ്തിയുടെ ‘വിസ്പേഴ്സ് ഓഫ് ദി ഷാഡോ’ എന്നിവയും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
പുതുമയായി ക്രിട്ടിക്സ് ഡിസ്കവറി
മലയാള സിനിമയ്ക്ക് രാജ്യാന്തരതലത്തിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ക്രിട്ടിക്സ് ഡിസ്കവറി വിഭാഗമാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. അഞ്ച് മലയാള ചിത്രങ്ങളാണ് ഈ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.
ലക്ഷ്മി പുഷ്പയുടെ ‘വാസര’, ദീപേഷ് ടിയുടെ ‘സുദീപ്തം’, പ്രിയനന്ദനൻ ടി.ആറിന്റെ ‘ഏഴ് നിറമുള്ള സ്വപ്നം’, സജിൻ ബാബുവിന്റെ ‘തർക്കം’, മിഥുൻ നാരായണന്റെ ‘നെബുല’ എന്നിവയാണ് ചിത്രങ്ങൾ.
ലോകസിനിമാ വിഭാഗത്തിലേക്കുള്ള ചിത്രങ്ങളുടെ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് അക്കാദമി അറിയിച്ചു. എട്ടുദിവസം നീളുന്ന മേള വിവിധ രാജ്യങ്ങളിലെ സിനിമകളും ഇന്ത്യൻ ചലച്ചിത്രലോകത്തെ പുതിയ പ്രവണതകളും അടുത്തറിയാനുള്ള വേദിയാകും.

